മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിയിലായതിനെത്തുടർന്ന് ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജീവനൊടുക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗിലെ വിദ്യാർത്ഥിയായ സാഹിൽ വാകോഡെയെ വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ച വിദ്യാർത്ഥിയെ ഇൻസ്ട്രക്ടറും വകുപ്പ് മേധാവിയും ചേർന്ന് കൗൺസിലിംഗിന് വിധേയനാക്കിയിരുന്നുവെന്നും അക്കാദമിക് ഭാവിയെ ഇത് ബാധിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സംഭവത്തിൽ ഒരു വർഷത്തെ സസ്പെൻഷൻ ലഭിക്കുമെന്നും പഠനം നീളുമെന്നുമുള്ള ഭയമാണ് വിദ്യാർത്ഥിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സഹപാഠികൾ ആരോപിച്ചു. സംഭവത്തിൽ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയും സുതാര്യമായ നടപടികളും വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഐ.ഐ.ടി ബോംബെ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ആത്മഹത്യാ സംഭവമാണിത്. മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

