ആലത്തൂർ: താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ആംബുലൻസുകളുടെ സുഗമമായ യാത്രയ്ക്കും കാൽനടയാത്രക്കാർക്കും രോഗികൾക്കും മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പാർക്ക് ചെയ്ത 50 ഓളം വാഹനങ്ങൾക്കാണ് ജോയിന്റ് ആർ.ടി.ഒ യുടെ നിർദ്ദേശപ്രകാരം പിഴ ചുമത്തിയത്.
നോ-പാർക്കിംഗ് മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് 3000 രൂപ വരെ പിഴ ലഭിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എം.വി.ഐ മാരായ അനിൽ ജി. എസ്., സുരേഷ് കെ. വിജയൻ എന്നിവർ അറിയിച്ചു.
ഉത്സവ സീസൺ ആയതിനാൽ പ്രദേശത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ അത്യാഹിത വിഭാഗത്തിലേക്കുള്ള രോഗികളുടെ സഞ്ചാരത്തിന് മുൻഗണന നൽകുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും, ഒരേ തെറ്റ് ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

