കൊച്ചി: സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളിൽ പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹന ഉടമകളിൽ നിന്നായി ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ എറണാകുളം, കാക്കനാട്, കളമശ്ശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വ്യാപകമായി നിയമലംഘനം കണ്ടെത്തിയത്.
മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായി സർവീസ് നടത്തിയിരുന്ന വാഹനങ്ങളിൽ പലതിനും ഇൻഷുറൻസ് പരിരക്ഷയോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം സർവീസ് നടത്തുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും യാത്രയ്ക്കിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ആവശ്യമായ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ കയറ്റി സർവീസ് നടത്താവൂ എന്ന് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മുന്നറിയിപ്പ് നൽകി.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. ആപ്പ് അധിഷ്ഠിത യാത്രാ സേവനങ്ങൾ കൂടുതലുള്ള ഐ.ടി, വാണിജ്യ മേഖലകളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

