സ്വാതന്ത്ര്യദിനാഘോഷം; പത്തനംതിട്ടയിൽ പരേഡിൽ 25 പ്ലാറ്റൂണുകൾ അണിനിരക്കും

പത്തനംതിട്ട: ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. ഇത്തവണത്തെ സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനാവിഭാഗങ്ങളുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെ 25 പ്ലാറ്റൂണുകൾ അണിനിരക്കും.

പോലീസ് (മൂന്ന്), ഫോറസ്റ്റ് (ഒന്ന്), ഫയർഫോഴ്സ് (രണ്ട്), എക്സൈസ് (ഒന്ന്), സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (ആറ്), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (ഏഴ്), ജൂനിയർ റെഡ് ക്രോസ് (നാല്), എൻ.സി.സി (ഒന്ന്) എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ അണിനിരക്കുന്നത്. കൂടാതെ സ്കൂൾ ടീമുകളുടെ ബാൻഡ് സെറ്റും സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. പത്തനംതിട്ട എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിനാണ് പരേഡിന്റെ പൂർണ്ണ ചുമതല.

ഓഗസ്റ്റ് 10, 11, 13 തീയതികളിലാണ് പരേഡ് റിഹേഴ്സൽ നടക്കുക. ആദ്യ രണ്ടു ദിവസം വൈകിട്ട് മൂന്നു മുതലും ഓഗസ്റ്റ് 13-ന് രാവിലെ എട്ടു മണിക്കുമാണ് റിഹേഴ്സൽ ക്രമീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഏകോപന ചുമതല കോഴഞ്ചേരി തഹസിൽദാർ നിർവ്വഹിക്കും. സ്വാതന്ത്ര്യദിനാഘോഷം പിഴവുകളില്ലാതെ ഭംഗിയായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചുമതലകൾ കൃത്യമായി നിർവ്വഹിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം ആർ. രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *