ഇന്ത്യ–ബെൽജിയം സഹകരണം ശക്തമാക്കും; വ്യാപാരം അഞ്ചുവർഷത്തിനകം ഇരട്ടിയാക്കാൻ ലക്ഷ്യം

ന്യൂഡൽഹി: പ്രതിരോധം, വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, സെമികണ്ടക്ടർ, ശുദ്ധ ഊർജം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ബെൽജിയവും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനകം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. നിക്ഷേപം സുഗമമാക്കുന്നതിനായി ഇന്ത്യ–ബെൽജിയം ഇൻവെസ്റ്റ്മെന്റ് ഫാസ്റ്റ്-ട്രാക്ക് മെക്കാനിസത്തിനും തുടക്കമായി. ഇരുരാജ്യങ്ങളിലെയും നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സംവിധാനം ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയിൽ ഗവേഷണം, പരിശീലനം, സൈനിക കൈമാറ്റം, പ്രതിരോധ വ്യവസായ സഹകരണം എന്നിവ ഉൾപ്പെടുന്ന ലെറ്റർ ഓഫ് ഇന്റന്റിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ ഒപ്പുവച്ചു. സമുദ്രസുരക്ഷ, പുതിയ സാങ്കേതികവിദ്യകൾ, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയും ചർച്ചയായി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയോടുള്ള ഐക്യദാർഢ്യം ബെൽജിയം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരെ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യ–ബെൽജിയം സംയുക്ത പ്രവർത്തകസമിതി രൂപീകരിക്കുന്നതിനുള്ള സാധ്യതയും ഇരുരാജ്യങ്ങളും പരിഗണിക്കും.

അന്തർദേശീയ കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ നേരിടുന്നതിൽ സഹകരിക്കുന്നതിനായി ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ബെൽജിയൻ ഫെഡറൽ പോലീസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിവര കൈമാറ്റം, ശേഷിവികസനം, കുറ്റവാളികളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇത് സഹായിക്കും.

സെമികണ്ടക്ടർ, ഫാർമസ്യൂട്ടിക്കൽസ്, ജീവശാസ്ത്രം, നിർണായക ധാതുക്കളുടെ ശുദ്ധീകരണവും പുനരുപയോഗവും, ആണവോർജം, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

2026 സെപ്റ്റംബർ 2 മുതൽ 4 വരെയാണ് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ ഇന്ത്യാ സന്ദർശനം. 2025 ഫെബ്രുവരിയിൽ അധികാരമേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *