ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ ഊർജപ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും നിർണായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിലെ പച്ച്പദ്രയിൽ രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജപ്രതിസന്ധിയെയാണ് രാജ്യം നേരിട്ടതെന്നും എന്നാൽ എല്ലാ തലങ്ങളിലും ശരിയായ തീരുമാനങ്ങൾ സ്വീകരിച്ചതിലൂടെ രാജ്യത്തെ ഇന്ധനക്ഷാമത്തിൽ നിന്ന് രക്ഷിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് ഊർജവിഭവങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഇതിൽ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും റിഫൈനറി-പെട്രോകെമിക്കൽ പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പച്ച്പദ്രയിലെ പുതിയ സമുച്ചയം ഇന്ത്യയുടെ ഊർജമേഖലയ്ക്കും വ്യവസായ വികസനത്തിനും വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

