പഞ്ച്പദ്ര: അന്താരാഷ്ട്ര തലത്തിൽ കടുത്ത യുദ്ധങ്ങളും തർക്കങ്ങളും കാരണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി ലോകം അഭിമുഖീകരിക്കുമ്പോഴും ഇന്ത്യയെ സുരക്ഷിതമായി നയിക്കാൻ കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയങ്ങൾക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജസ്ഥാനിലെ പഞ്ച്പദ്രയിൽ എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് രാജ്യത്തിന് സമർപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ലോകമെമ്പാടും ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 120 ഡോളർ വരെ കുതിച്ചുയരുകയും പല പ്രമുഖ രാജ്യങ്ങളിലും ഇന്ധന ദൗർലഭ്യം നേരിടുകയും ചെയ്തപ്പോഴും ഇന്ത്യയിൽ പെട്രോളിന്റെയോ ഡീസലിന്റെയോ വിതരണത്തിൽ ഒരു തടസ്സവും ഉണ്ടാകാതെ നോക്കാൻ സർക്കാരിന് കഴിഞ്ഞു. ആഗോളതലത്തിൽ ഡീസൽ വിലയിൽ 40 മുതൽ 50 ശതമാനത്തോളം വർദ്ധനവുണ്ടായപ്പോഴും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ കൃത്യമായ ആസൂത്രണം നടത്തി. മുൻപ് പെട്രോൾ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം പലതരത്തിലുള്ള കിംവദന്തികൾ പരത്തി ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ലെന്നും രാജ്യം എല്ലാ തലത്തിലും ശരിയായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്ര സൗഹൃദങ്ങൾ വലിയ തുണയായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് വെറും 25 ഓളം രാജ്യങ്ങളിൽ നിന്ന് മാത്രം ഇന്ധനം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിസന്ധി രൂക്ഷമായതോടെ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ധനവും ഊർജ്ജവും എത്തിച്ചത്. ആഗോള സമ്മർദ്ദങ്ങൾക്കിടയിലും തങ്ങൾക്ക് രാജ്യതാൽപ്പര്യത്തിനും സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്ന് ‘നാഗരിക് ദേവോ ഭവ’ എന്ന തത്വം മുൻനിർത്തി ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തു. ആഭ്യന്തര ആവശ്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനൊപ്പം തന്നെ സംസ്കരിച്ച ഇന്ധനം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിലും രാജ്യം മികച്ച വിജയം കൈവരിച്ചു.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം അനുസരിച്ച് ഇന്ത്യയിൽ എൽപിജി പാചകവാതക നിരക്ക് 2000 രൂപ വരെ ഉയരാവുന്ന സാഹചര്യമുണ്ടായിട്ടും പൊതുമേഖലാ എണ്ണ കമ്പനികൾക്കുണ്ടായ വൻ നഷ്ടം സർക്കാർ ഏറ്റെടുത്തുകൊണ്ട് 950 രൂപയ്ക്കാണ് സാധാരണക്കാർക്ക് സിലിണ്ടറുകൾ വിതരണം ചെയ്തത്. ഇതിന് പുറമെ ഉജ്ജ്വല യോജന വഴി കോടിക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യമായി സിലിണ്ടറുകൾ ലഭ്യമാക്കിയത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു.
രാജസ്ഥാന്റെ ചരിത്രത്തിൽ വൻ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാൻ പോകുന്ന പഞ്ച്പദ്ര റിഫൈനറി പദ്ധതിയുടെ അതിവേഗത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെയും അതിനായി അഹോരാത്രം പ്രയത്നിച്ച തൊഴിലാളികളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഈ വമ്പൻ റിഫൈനറി യാഥാർത്ഥ്യമായതോടെ പ്രാദേശികമായി യുവാക്കൾക്ക് വൻതോതിൽ തൊഴിൽ അവസരങ്ങൾ തുറക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 54,000 യുവാക്കൾക്ക് വിവിധ സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി വിതരണം ചെയ്തു.
രാജസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ വേഗത നൽകിക്കൊണ്ട് ജയ്പുരിൽ 13,000 കോടി രൂപ ചെലവിൽ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം വിപുലീകരിക്കുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാർട്ടി ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അവയെല്ലാം കൃത്യമായി പാലിക്കപ്പെടുമെന്നും നരേന്ദ്ര മോദി ഉറപ്പുനൽകി. കഠിനാധ്വാനത്തിലൂടെയും തന്ത്രപരമായ ആസൂത്രണത്തിലൂടെയുമാണ് രാജ്യം വലിയ പ്രതിസന്തികളെ മറികടന്നതെന്നും വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ നൽകുന്ന ശക്തമായ പിന്തുണയ്ക്ക് നന്ദി പറയുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

