ന്യൂഡൽഹി: ചിപ്പ് നിർമ്മാണത്തിലും സെമികണ്ടക്ടർ മേഖലയിലും ഇന്ത്യ വലിയ ചുവടുവെപ്പുകളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ സെമികണ്ടക്ടർ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നിലവിൽ 12 സെമികണ്ടക്ടർ പ്ലാന്റുകളുടെ പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിർമ്മാണം പുരോഗമിക്കുന്ന പ്ലാന്റുകളിൽ രണ്ടെണ്ണത്തിൽ ഇതിനകം തന്നെ ഉത്പാദനം ആരംഭിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇനി മുതൽ ചിപ്പുകൾ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും ചെയ്യും. ലക്ഷ്യബോധത്തോടെയുള്ള ഇന്ത്യയുടെ ഈ പ്രയാണം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നത്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ സാങ്കേതിക വിദ്യയിലും ഉത്പാദന മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് ഈ മുന്നേറ്റം. സെമികണ്ടക്ടർ ഹബ്ബായി ഇന്ത്യ മാറുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സാങ്കേതിക രംഗത്ത് രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

