പ്രളയബാധിത നേപ്പാളിന് ഇന്ത്യയുടെ വൈദ്യുതി സഹായം; ദിവസവും 18 മണിക്കൂർ വരെ വിതരണം

ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് ജലവൈദ്യുത പദ്ധതികൾക്ക് വ്യാപക നാശമുണ്ടായ നേപ്പാളിന് ദിവസവും 18 മണിക്കൂർ വരെ വൈദ്യുതി നൽകാൻ ഇന്ത്യ അനുമതി നൽകി. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെയാണ് നിലവിലെ അനുമതി. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിക്കാണ് വൈദ്യുതി നൽകുക.

രാത്രി 12 മുതൽ വൈകിട്ട് ആറുവരെയുള്ള 18 മണിക്കൂർ സമയത്താണ് വൈദ്യുതി കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്. മുസഫർപുർ–ധൽക്കേബാർ 400 കെവി ഡബിൾ സർക്യൂട്ട് ലൈനിലൂടെ പരമാവധി 600 മെഗാവാട്ടും ടനക്പുർ–മഹേന്ദ്രനഗർ 132 കെവി സിംഗിൾ സർക്യൂട്ട് ലൈനിലൂടെ 54 മെഗാവാട്ടും ഉൾപ്പെടെ പരമാവധി 654 മെഗാവാട്ട് വരെ നൽകാനാണ് അനുമതി.

നേപ്പാളിലുണ്ടായ പ്രളയത്തിൽ ജലവൈദ്യുത അടിസ്ഥാനസൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതോടെ രാജ്യത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനശേഷി കുറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് അധിക വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം. ഏകദേശം 550 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. നിരവധി ജലവൈദ്യുത പദ്ധതികൾക്കും പ്രളയത്തിൽ നാശനഷ്ടമുണ്ടായി.

2027 ജനുവരി മുതൽ നേപ്പാളിന് നൽകുന്ന വൈദ്യുതിയുടെ അളവ് 2026 ഡിസംബറിൽ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം അറിയിച്ചു. നേപ്പാളിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഊർജ സഹകരണം ശക്തിപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *