ലക്ഷദ്വീപിലേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ; ആദ്യ യാത്ര സെപ്റ്റംബർ 23ന്

തിരുവനന്തപുരം: യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് പുതിയ ടൂർ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽനിന്ന് വിമാനമാർഗം അഗത്തി, കൽപ്പട്ടി ദ്വീപുകൾ സന്ദർശിക്കുന്ന നാലു ദിവസത്തെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് രാത്രിയും നാല് പകലും നീളുന്നതാണ് യാത്ര. ആദ്യ യാത്ര സെപ്റ്റംബർ 23ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആരംഭിക്കും.

ആദ്യ യാത്രയ്ക്ക് ഒരാൾക്ക് 29,500 രൂപയാണ് പാക്കേജ് നിരക്ക്. തുടർന്നുള്ള യാത്രകളിൽ വിമാന നിരക്കിലെ വ്യത്യാസമനുസരിച്ച് ഏകദേശം 1,000 മുതൽ 1,500 രൂപ വരെ നിരക്കിൽ മാറ്റമുണ്ടാകാം. യാത്രക്കാർക്ക് താമസത്തിനായി ഹോംസ്റ്റേ, റിസോർട്ട് എന്നീ രണ്ട് ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹോംസ്റ്റേയും കൂടുതൽ സ്വകാര്യതയും ബീച്ചിലേക്ക് നേരിട്ടുള്ള പ്രവേശനവും ആഗ്രഹിക്കുന്നവർക്ക് റിസോർട്ട് താമസവും തിരഞ്ഞെടുക്കാം.

ആദ്യ ദിവസം കൊച്ചിയിൽനിന്ന് വിമാനമാർഗം അഗത്തി വിമാനത്താവളത്തിലെത്തിയ ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിക്കും. വൈകുന്നേരം അന്ദൻ ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ ദിവസത്തെ യാത്ര അവസാനിക്കും.

രണ്ടാം ദിവസം സ്നോർക്ലിങ്, നീന്തൽ, ഡോൾഫിൻ വാച്ചിങ്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ ജലവിനോദങ്ങൾക്കാണ് അവസരം. മൂന്നാം ദിവസം ഗ്ലാസ് ബോട്ട് യാത്ര, കടലാമകളെ കാണൽ, കയാക്കിങ് എന്നിവയ്ക്കു ശേഷം സ്വകാര്യ ബോട്ടിൽ കൽപ്പട്ടി ദ്വീപിലേക്ക് യാത്ര ചെയ്യും. നാലാം ദിവസം ലക്ഷദ്വീപിലെ തനത് പലഹാരങ്ങളും അച്ചാറുകളും വാങ്ങാനുള്ള സൗകര്യമുണ്ടാകും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങും.

യാത്രയ്ക്കായി ആവശ്യമായ യാത്രക്കാരുടെ വിവരങ്ങളും പെർമിറ്റിനുള്ള രേഖകളും യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 17 ദിവസം മുൻപ് നൽകണം. സീറ്റ് ഉറപ്പാക്കുന്നതിനായി ബുക്കിങ് ദിവസം തന്നെ പാക്കേജിന്റെ മുഴുവൻ തുകയും അടയ്ക്കണമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *