ഇന്ത്യ-യു.എസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ശതകോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ വളരെ വേഗത്തിൽ തന്നെ യാഥാർഥ്യമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കരാർ ഒപ്പിടാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലായി 500 ശതകോടി ഡോളറിന്റെ യു.എസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മാർക്കോ റൂബിയോ തന്റെ എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി. ഈ സുപ്രധാന നേട്ടത്തിനായി പ്രവർത്തിച്ച ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറിനെയും മറ്റ് നയതന്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.ട്രംപ് ഭരണകൂടത്തിന്റെ ആഗോള നികുതി നയങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും, ആഗോളതലത്തിൽ യു.എസ് സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പൊതുവായ ശ്രമങ്ങളുടെ ഭാഗമാണെന്നും റൂബിയോ വ്യക്തമാക്കി.

ട്രംപ് ഭരണകൂടം വന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വേഗത കുറഞ്ഞിട്ടില്ലെന്നും ഇന്ത്യ യു.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഒരു ഇടക്കാല വ്യാപാര കരാർ (Interim Agreement) ഉടൻ രൂപീകരിക്കാൻ സാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഈ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു.എസിൽ നിന്നുള്ള പ്രത്യേക വ്യാപാര പ്രതിനിധി സംഘം ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും മാർക്കോ റൂബിയോ അറിയിച്ചു. വ്യാപാരത്തിന് പുറമെ ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, ക്വാഡ് (Quad) കൂട്ടായ്മയുടെ പ്രവർത്തനം എന്നിവയും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *