ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിനായി ലഷ്കർ-ഇ-തൊയ്ബ ഭീകരർ യു.എസ് നിർമിത ‘ഗോ പ്രോ’ (GoPro) ക്യാമറ ഉപയോഗിച്ചതിനെക്കുറിച്ചാണ് എൻ.ഐ.എ വിശദമായ അന്വേഷണം നടത്തുന്നത്.
കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.ചൈനയിലേക്ക് അയച്ചിരുന്ന യു.എസ് നിർമിത ക്യാമറ ഏത് വഴിയാണ് ഭീകരരുടെ കൈകളിൽ എത്തിയതെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്നാണ് അത്യാധുനികമായ ഈ ഗോ പ്രോ ക്യാമറ കണ്ടെടുത്തത്.തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് കശ്മീരിലെ ഭീകരർക്ക് വിദേശത്തുനിന്നും സാങ്കേതിക സഹായങ്ങളും സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനകൾ എൻ.ഐ.എയ്ക്ക് ലഭിച്ചത്.
ഭീകരർക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഇത്തരം സാമ്പത്തിക, ഭൗതിക സഹായങ്ങളുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോൾ ശ്രമിക്കുന്നത്.

