വാഷിങ്ടൺ ഡി സി:അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി വിക്രം മുബായിയെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയ സർവകലാശാലയുടെ സാന്റാ ബാർബറ (UCSB) ക്യാമ്പസിൽ കെമിക്കൽ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി. ഗവേഷണം നടത്തുകയായിരുന്ന വിക്രം, ബിഗ് പൈൻ ലേക്ക്സ് മേഖലയിലേക്കുള്ള ഏകാംഗ ട്രെക്കിങ്ങിനിടെയാണ് കാണാതായത്.
ഓഗസ്റ്റ് 1-ന് രാത്രി കുടുംബവുമായി അവസാനമായി സംസാരിച്ച വിക്രം തന്റെ ജിപിഎസ് ലൊക്കേഷൻ പങ്കുവെച്ച ശേഷമാണ് ബന്ധം നഷ്ടമായത്. നിശ്ചയിച്ച സമയത്ത് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് കുടുംബം വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇൻയോ കൗണ്ടി ഷെരീഫിന്റെ നേതൃത്വത്തിൽ വിപുലമായ തെരച്ചിൽ ആരംഭിച്ചു.
ഓഗസ്റ്റ് 3-ന് ബിഗ് പൈൻ ലേക്ക്സ് പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും ദുരൂഹതയോ കുറ്റകൃത്യത്തിന്റെ സൂചനകളോ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോങ്കോങ്ങിൽ വളർന്ന വിക്രം മുബായി, 2022-ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് അർബാന-ഷാംപെയ്നിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരുന്നു. സുസ്ഥിര സാങ്കേതികവിദ്യകളും ജൈവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

