ഇന്തോനേഷ്യ ഇന്ത്യൻ ഇവിഎമ്മുകൾ സ്വീകരിക്കും; തെരഞ്ഞെടുപ്പ് സാങ്കേതിക സഹകരണത്തിന് ധാരണ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടത്തിപ്പിലും സാങ്കേതിക വിദ്യയിലും ഇന്ത്യയുമായി സഹകരിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചു. ഇന്തോനേഷ്യയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പ്രത്യേകമായി രൂപകൽപന ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) വികസിപ്പിക്കുന്നതിന് ഇന്ത്യ സാങ്കേതിക സഹായം നൽകും. ഇതുസംബന്ധിച്ച ധാരണാപത്രം (MoU) ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

തിരഞ്ഞെടുപ്പ് സാങ്കേതികവിദ്യ, മനുഷ്യവിഭവ വികസനം, ശേഷി വർധന, മികച്ച തെരഞ്ഞെടുപ്പ് രീതികളുടെ കൈമാറ്റം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ. ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യ, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നവീകരണത്തിനായി ഇന്ത്യയുടെ അനുഭവവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഇവിഎമ്മുകൾ വിശ്വാസ്യതയും സുരക്ഷയും വലിയ തോതിലുള്ള തെരഞ്ഞെടുപ്പുകൾ കാര്യക്ഷമമായി നടത്താനുള്ള കഴിവും കൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയത്. ഭൂട്ടാൻ, നേപ്പാൾ, നമീബിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ തെരഞ്ഞെടുപ്പ് സാങ്കേതിക സഹായം നൽകിയിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങൾക്ക് മായാത്ത മഷി (indelible ink) വിതരണം ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *