ന്യൂഡൽഹി: മുപ്പതിനായിരം കോടിയിലധികം രൂപയുടെ ഏഴ് നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന 51-ാമത് ‘പ്രഗതി’ (PRAGATI) യോഗത്തിലാണ് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.
കേവലം അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം, പദ്ധതികളിൽ പൊതുജന പങ്കാളിത്തവും കൃത്യമായ നിരീക്ഷണവും ഉറപ്പാക്കി മികച്ച ഫലം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ സ്വച്ച് ഭാരത് മിഷൻ 2.0 മികച്ച രീതിയിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ശുചിത്വ കാമ്പെയ്നുകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

