യൂണബോംബർ’ ആശയങ്ങളിൽ ആകൃഷ്ടനായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിദ്യാർത്ഥിയുടെ വിചാരണ തുടങ്ങി

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ലിബറൽ പാർട്ടിക്കും ബ്രിസ്‌ബെയ്നിലെ മെയ് ദിന റാലിക്കും നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കൗമാരക്കാരന്റെ വിചാരണ ക്വീൻസ്‌ലൻഡ് സുപ്രീം കോടതിയിൽ ആരംഭിച്ചു. കുപ്രസിദ്ധ അമേരിക്കൻ ആഭ്യന്തര ഭീകരൻ ‘യൂണബോംബർ’ എന്നറിയപ്പെടുന്ന ടെഡ് കാസിൻസ്കിയുടെ തീവ്ര ആശയങ്ങളിൽ ആകൃഷ്ടനായാണ് കുട്ടി ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താനാകാത്ത ഈ പ്രതിക്ക്, ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു പ്രായം.

ലിബറൽ പാർട്ടി ഓഫീസുകൾക്കോ പ്രവർത്തകർക്കോ നേരെ വിപണിയിൽ നിന്നും എളുപ്പത്തിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് കോമൺവെൽത്ത് പ്രൊസിക്യൂട്ടർ സൂ ഫ്ലിൻ കോടതിയിൽ വ്യക്തമാക്കി. കൂടാതെ, 2024-ലെ മെയ് ദിന റാലിക്കിടെ ബോംബ് സ്ഫോടനം നടത്താനും റാലി കടന്നുപോകുന്ന ബൗണ്ടറി റോഡിൽ സ്ഫോടനം ഉണ്ടാകുന്നതിന്റെ ചിത്രം പ്രതി വരച്ചിരുന്നതായും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. തന്റെ ഈ ഭീകരാക്രമണ പദ്ധതികളെ ‘ചെറിയ ഭാവി പ്രോജക്റ്റ്’ (Little future project) എന്നാണ് പ്രതി സുഹൃത്തുക്കളോട് വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതി താൻ കുറ്റക്കാരനല്ലെന്ന് വാദിച്ചു.

പതിനാറ് വർഷത്തോളം അമേരിക്കയിൽ പാർസൽ ബോംബുകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മൂന്ന് പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത ടെഡ് കാസിൻസ്കിയുടെ മുതലാളിത്ത വിരുദ്ധ, സാങ്കേതികവിദ്യ വിരുദ്ധ ആശയങ്ങളാണ് പ്രതിയെ സ്വാധീനിച്ചത്. ‘യൂണബോംബർ പറഞ്ഞതാണ് ശരി’ എന്ന് പ്രതി ടിക് ടോക് വഴി സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. വ്യവസായ വിപ്ലവത്തെയും ആധുനിക സാങ്കേതികവിദ്യകളെയും പൂർണ്ണമായി തള്ളിക്കളയുന്ന യൂണബോംബറുടെ മാനിഫെസ്റ്റോയുടെ പകർപ്പുകൾ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. മനുഷ്യന്റെ അത്യാഗ്രഹവും മുതലാളിത്ത ചിന്താഗതികളുമാണ് യുദ്ധങ്ങൾക്കും പട്ടിണിക്കും കാരണമാകുന്നതെന്ന് കാണിച്ച് പ്രതി സ്വന്തമായി ഒരു മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരുന്നു.

ലണ്ടൻ സർവ്വകലാശാലയിലെ ഭീകരവാദ പഠനവിഭാഗം പ്രൊഫസർ ആൻഡ്രൂ സിൽക്കെ ഉൾപ്പെടെയുള്ള വിദഗ്ദ്ധരെ വിചാരണയിൽ സാക്ഷികളായി വിസ്തരിക്കും. സ്വന്തമായി ബോംബ് നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുകയും രാസവസ്തുക്കൾ വാങ്ങി സ്ഫോടന പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത പ്രതി, സ്വാധീനമുള്ള വ്യക്തികൾക്ക് ബോംബുകൾ അയക്കണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പ്രൊസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ ഒരു സുഹൃത്ത് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വീൻസ്‌ലൻഡ് പോലീസ് പ്രതിയുടെ അമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബോംബ് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. 2024 മാർച്ച് 23-നും ജൂലൈ 29-നും ഇടയിൽ ഭീകരാക്രമണത്തിനായി പദ്ധതിയിട്ടു എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതിഭാഗം അഭിഭാഷക ലൗറ റീസിന്റെ വാദങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. വിചാരണ പത്ത് ദിവസത്തോളം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *