സിഡ്നി: ആറുവയസ്സുകാരിയായ മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള പരമാട്ടാ (Parramatta) പുഴയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 47-കാരനായ പിതാവിന്റെ മൃതദേഹം പുഴയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചരയോടെ ആറുവയസ്സുകാരിയായ മകളുടെ മൃതദേഹവും പോലീസ് പുഴത്തട്ടിൽ നിന്ന് കണ്ടെടുത്തു. നിയമപരമായ കാരണങ്ങളാൽ ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി ഈ പുഴയിൽ പലതവണ ബോട്ട് വാടകയ്ക്കെടുത്ത് യാത്ര നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ഭാര്യയേയും ഇയാൾ ഈ ബോട്ട് യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ മകളുമായി ബോട്ട് വാടകയ്ക്കെടുത്ത് പുഴയിലിറങ്ങിയ ഇയാൾ, മകളെ വെള്ളത്തിലേക്ക് എറിഞ്ഞ ശേഷം സ്വയം പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് സമീപത്തെ ഒരു കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇരുവരും നീന്തൽ അറിയാത്തവരായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഇയാളുടെ സുഹൃത്ത് പോലീസിനെ വിളിച്ച് കുട്ടിയുടെയും പിതാവിന്റെയും സുരക്ഷയിൽ ആശങ്കയറിയിച്ചിരുന്നു. എന്നാൽ ഇതിന് ഒരു മണിക്കൂർ മുൻപ് തന്നെ ഇയാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നാവികസേനയിലെ ഡൈവർമാർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കാണോ ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് സൂചന. മുൻപ് യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെടാത്ത ആളായിരുന്നു ഈ പിതാവെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ഉലച്ച വലിയൊരു ദുരന്തമാണ് നടന്നിരിക്കുന്നതെന്നും ന്യൂ സൗത്ത് വെയ്ൽസ് പോലീസ് സൂപ്രണ്ട് ക്രിസ്റ്റീൻ മക്ഡൊണാൾഡ് പറഞ്ഞു.

