തിരുവനന്തപുരം: 2030-ഓടെ തലസ്ഥാന ജില്ലയെ സമ്പൂർണ ജൈവവൈവിധ്യ സൗഹൃദ പ്രദേശമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി’ പദ്ധതിയുടെ ഭാഗമായി ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഒക്ടോബർ 26-ന് നടക്കും. തമ്പാനൂർ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷകർ, വിഷയവിദഗ്ധർ, പൊതുജനങ്ങൾ തുടങ്ങിയവരെ ഒരുമിച്ചണിനിരത്തി ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കോൺക്ലേവ് വേദിയൊരുക്കുന്നത്. വരും വർഷങ്ങളിലും ഇത്തരം സംരംഭങ്ങൾ തുടർന്നു സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഇതിനുപുറമെ, പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കൃത്യമായ അവബോധം വളർത്തുന്നതിനായി ജില്ലയിലെ തനത് ജീവജാതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പ്രദർശന ബോർഡുകൾ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഉടൻ സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതം ആശംസിക്കും. തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ജൈവവൈവിധ്യ സന്ദേശം നൽകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ കൃതജ്ഞത രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് നടക്കുന്ന വിദഗ്ധ സാങ്കേതിക സെഷനുകൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. അനിൽകുമാർ സി. എന്നിവർ സംയുക്തമായി നേതൃത്വം നൽകും. അപൂർവ വൃക്ഷങ്ങളുടെ ദ്രുതഗതിയിലുള്ള ബഹുവർധനവിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ് എന്ന സുപ്രധാന വിഷയത്തിൽ അന്താരാഷ്ട്ര ക്ഷണിത പ്രഭാഷകൻ ഡോ. പുത്തിയപറമ്പിൽ ജോസുകുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ. ഇ. എസ്. സന്തോഷ്കുമാർ, വന്യജീവി ഗവേഷകനും സംരക്ഷകനുമായ ഡോ. കലേഷ് സദാശിവൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് എന്നിവരും വിവിധ ശാസ്ത്രീയ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ അവതരിപ്പിക്കും. ജില്ലയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ദീർഘകാല പരിപാലന പ്രവർത്തനങ്ങൾക്ക് കരുത്തുറ്റ ശാസ്ത്രീയ അടിത്തറ പാകുന്നതിനും കോൺക്ലേവ് വഴിയൊരുക്കും.

