കായിക സ്വപ്നങ്ങൾ വാനോളം; സ്വർണക്കപ്പ് പ്രയാണത്തെ വരവേറ്റ് എറണാകുളം

അങ്കമാലി: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്ക് സമ്മാനിക്കുന്നതിനുള്ള സ്വർണക്കപ്പ് പ്രയാണത്തിന് എറണാകുളം ജില്ലയിൽ ഊഷ്മള വരവേൽപ്പ് നൽകി. തിരുവനന്തപുരത്തു നിന്ന് പ്രയാണമാരംഭിച്ച സ്വർണക്കപ്പ് ജില്ലയിലെത്തിയപ്പോൾ കായികപ്രേമികളും വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആവേശത്തോടെയാണ് സ്വീകരിച്ചത്.

അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികമേളയുടെ സ്വർണക്കപ്പ് പ്രയാണത്തെ സ്വീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനുമുള്ള വലിയ പ്രചോദനമാണ് ഇത്തരം കായികമേളകളെന്നും, ബൗദ്ധിക വികാസത്തിനൊപ്പം കലാ-കായിക-ശാസ്ത്ര രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള ജേഴ്സി വിതരണവും ചടങ്ങിൽ നടന്നു.

അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ വിൽസൺ മുണ്ടാടൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനീത ദിലീപ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ലെക്സി ജോയ്, ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ, മറ്റ് തദ്ദേശ ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *