സിഡ്നി: പരിചരണ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് ഉപയോഗിക്കാനോ ആസ്വദിക്കാനോ കഴിയാത്ത സേവനങ്ങളുടെ പേരിൽ നിയമവിരുദ്ധമായി അധിക ഫീസ് ഈടാക്കുന്ന പ്രൊവൈഡർമാർക്കെതിരെ ഓസ്ട്രേലിയയിലെ ദേശീയ റെഗുലേറ്ററായ ‘ഏജ്ഡ് കെയർ ക്വാളിറ്റി ആൻഡ് സേഫ്റ്റി കമ്മീഷൻ’ കർശന അന്വേഷണം ആരംഭിച്ചു. ഡിമെൻഷ്യ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രായമായവരിൽ നിന്നും ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് അധികമായി ഈടാക്കിയത്.
2026-ന്റെ ആദ്യ പകുതിയിൽ മാത്രം ഫീസുകളും ഫണ്ടുകളുമായി ബന്ധപ്പെട്ട് 199 പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതിൽ 121 പരാതികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയും, 75 എണ്ണം സന്നദ്ധ സംഘടനകൾക്കെതിരെയും, മൂന്നെണ്ണം സർക്കാർ സ്ഥാപനങ്ങൾക്കെതിരെയുമാണ്. നിയമവിരുദ്ധമായി ഫീസ് ഈടാക്കുന്ന പ്രൊവൈഡർമാരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കിയതോടെ പല സ്ഥാപനങ്ങളും തങ്ങളുടെ ഫീസ് ഘടന സ്വമേധയാ തിരുത്താൻ ആരംഭിച്ചിട്ടുണ്ട്.
ഇത്തരമൊരു ചൂഷണത്തിനെതിരെ പോരാടി വിജയം വരിച്ച ജെഫ് ഗില്ലിംഗ് എന്ന വ്യക്തി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഗുരുതരമായ ഡിമെൻഷ്യ ബാധിച്ച് ടിവി ഓൺ ചെയ്യാൻ പോലും കഴിയാതിരുന്ന തന്റെ അമ്മ ഡൊറോത്തിയിൽ നിന്നും ഫോക്സ്റ്റെൽ ചാനലുകൾ, വിനോദയാത്രകൾ, വൈൻ തുടങ്ങിയവയുടെ പേരിൽ പ്രതിദിനം 52 ഡോളർ വീതം ഈടാക്കിയിരുന്നു. എന്നാൽ, ഒരു അന്തേവാസിക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഉപയോഗിക്കാനും അതിൽ നിന്ന് പ്രയോജനം നേടാനുമുള്ള ശേഷിയുണ്ടെങ്കിൽ മാത്രമേ അധിക ഫീസ് ഈടാക്കാവൂ എന്ന ഓസ്ട്രേലിയൻ നിയമം ചൂണ്ടിക്കാട്ടി സിഡ്നിയിൽ അദ്ദേഹം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ‘എസ്റ്റിയ ഹെൽത്ത്’ എന്ന സ്ഥാപനത്തിൽ നിന്നും 37,000 ഡോളറോളം തിരികെ വാങ്ങി.
മറ്റൊരു പ്രമുഖ സ്ഥാപനമായ ‘ആർകെയർ’ (Arcare), അന്തേവാസികൾക്ക് ശാരീരികമായി പങ്കെടുക്കാൻ കഴിയാത്ത വ്യായാമ ക്ലാസുകൾ, ഹൈ-ടീ പാർട്ടികൾ എന്നിവയുടെ പേരിലും, നിയമപരമായി നൽകാൻ ബാധ്യതയുള്ള പോഷാകാഹാരങ്ങളുടെ പേരിലും അധിക ഫീസ് ഈടാക്കിയതിനെതിരെ ഫെഡറൽ കോടതിയിൽ ഗ്രൂപ്പ് ഹർജി നേരിടുന്നുണ്ട്. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അശാസ്ത്രീയമായ ഫീസ് ഈടാക്കൽ തടയുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ ‘ഹയർ എവരിഡേ ലിവിംഗ് ഫീ’ (Helf) ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന്റെ മറവിൽ ചില പ്രൊവൈഡർമാർ അന്തേവാസികൾക്ക് നൽകേണ്ട അടിസ്ഥാന പരിചരണത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി റെഗുലേറ്റർ ആശങ്ക പ്രകടിപ്പിച്ചു

