കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണം; ഐ ഓ സി (യുകെ) കേരള ചാപ്റ്റർ എംപിക്ക് നിവേദനം നൽകി

മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്ക് വലിയ തിരിച്ചടിയായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വത്തിൽ ഊർജിതമായ ഇടപെടലുകളാണ് നടന്നു വരുന്നത്.

സംഘടനയുടെ യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് കഴിഞ്ഞ ദിവസം നേരിട്ട് നിവേദനം സമർപ്പിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ, സിയാൽ (CIAL) അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്കും സംഘടന നേരത്തെ ഓൺലൈനായി നിവേദനം നൽകിയിരുന്നു.

2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾ, ആരോഗ്യപ്രവർത്തകർ, കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ തുടങ്ങി യു കെയിലെ അഞ്ച് ലക്ഷത്തോളം വരുന്ന മലയാളികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. 2020 ഓഗസ്റ്റിൽ ആരംഭിച്ച സർവീസ് വലിയ തോതിൽ പ്രയോജനകരമായിരുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എയർ ഇന്ത്യ അധികൃതരുമായി നടത്തിയ ചർച്ചകൾ ശുഭസൂചന നൽകുന്നതാണെന്നും, ആവശ്യമായ അനുമതികൾ ലഭ്യമായാൽ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി, വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ മുന്നിലും ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പുനൽകി. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിച്ച എം.പി, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകി. സർവീസ് പുനഃസ്ഥാപിക്കുന്നതുവരെ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളിലൂടെയും ഇടപെടലുകൾ തുടരുമെന്ന് ഐ ഓ സി (യു കെ) കേരള ചാപ്റ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *