ഹിജാബ് ധരിക്കാതെ ഗാനമാലപിച്ചു; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ഇറാനിയൻ ഗായികയായ പരസ്തൂ അഹ്മനിക്ക് ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീതപരിപാടിയിൽ ഗാനമാലപിച്ചതുമായി ബന്ധപ്പെട്ട കേസിൽ 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ. ശിക്ഷയ്‌ക്കൊപ്പം രണ്ട് വർഷത്തെ വിദേശയാത്രാ വിലക്കും അതേ കാലയളവിൽ കലാപരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള വിലക്കും കോടതി ഏർപ്പെടുത്തിയതായും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

2024 ഡിസംബറിൽ യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്ത സംഗീതപരിപാടിയിലാണ് അഹ്മദി ഹിജാബ് ധരിക്കാതെ വേദിയിലെത്തിയത്. ഇതിന് പിന്നാലെ ഇറാൻ അധികൃതർ “അശ്ലീലവും സാമൂഹിക-ധാർമിക മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിച്ചു” എന്നാരോപിച്ച് ഗായികയ്ക്കും സംഗീതപരിപാടിയുമായി ബന്ധപ്പെട്ട എട്ട് അംഗങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

കോടതിവിധിക്കെതിരെ മനുഷ്യാവകാശ സംഘടനകളും കലാരംഗത്തെ പ്രമുഖരും ശക്തമായ വിമർശനം ഉയർത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കും കലാസ്വാതന്ത്ര്യത്തിനുമെതിരായ നടപടിയാണ് ഇതെന്ന് അവർ ആരോപിക്കുന്നു. ഇറാനിൽ സാംസ്കാരിക ആവിഷ്കാരങ്ങൾക്കും ഭരണകൂടവിരുദ്ധ നിലപാടുകൾക്കുമെതിരെ നടക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ശിക്ഷയെ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *