തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റ് സ്വകാര്യവൽക്കരണത്തിനുള്ള ആമുഖമാണെന്നും കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കനുസൃതമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന നയമാണ് ബജറ്റിലുള്ളതെന്നും സംസ്ഥാനത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
‘ഭൂപരിഷ്കരണം 2.0’ എന്ന പേരിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്നും വയോജന ക്ഷേമത്തിനായി വകുപ്പ് രൂപീകരിച്ചെങ്കിലും ആവശ്യമായ ധനവിനിയോഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും ഇത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ബജറ്റ് തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

