കയ്റോ: ഗാസയിൽ ഇസ്രേൽ സൈന്യം നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഒന്നര വയസ്സുള്ള ശിശു ഉൾപ്പെടെ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യപ്രവർത്തകർ അറിയിച്ചു. ആക്രമണങ്ങൾ തെക്കൻ, മധ്യ, ഗാസ സിറ്റി മേഖലകളിലായാണ് നടന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പലസ്തീൻ അഭയാർഥി കൂടാരങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് വയസ്സുള്ള പെൺകുട്ടിയും ഒരു പുരുഷനും കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഒന്നര വയസ്സുള്ള ശിശു മരിച്ചത്. ഗാസ സിറ്റിയിലെ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.
ആക്രമണങ്ങൾ ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രേൽ സൈന്യത്തിന്റെ വിശദീകരണം. അതേസമയം, സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങളോ മരണസംഖ്യയിൽ മാറ്റമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

