ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കും

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടി പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹു വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം വന്നത്.

ലിക്കുഡ് പാർട്ടി പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയിൽ നെതന്യാഹു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇസ്രയേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയമപ്രകാരം ഈ വർഷം ഒക്ടോബറിനകം നടത്തേണ്ടതുണ്ട്.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായിരിക്കും ഇത്. ഗാസ, ലെബനൻ, ഇറാൻ എന്നിവയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ, ആഭ്യന്തര രാഷ്ട്രീയ വിവാദങ്ങൾ, അഴിമതിക്കേസുകൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് നെതന്യാഹു വീണ്ടും ജനവിധി തേടുന്നത്. അതേസമയം, സമീപകാല സർവേകളിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാകില്ലെന്ന സൂചനകളുണ്ട്.

നെതന്യാഹു വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് ഇസ്രയേൽ ജനതയിലെ ഗണ്യമായൊരു വിഭാഗം അഭിപ്രായപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രതിപക്ഷ കക്ഷികൾക്കും ഭരണം പിടിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷസാധ്യത ഇപ്പോൾ ഉറപ്പായിട്ടില്ല. ലിക്കുഡ് പാർട്ടിയുടെ പ്രഖ്യാപനത്തോടെ നെതന്യാഹു രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *