കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 11 കുട്ടികളും ഒരു സ്ത്രീയും ഒരു വയോധികനും ഉൾപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കുനാർ, ഖോസ്റ്റ്, പക്തിക പ്രവിശ്യകളിലായിരുന്നു ആക്രമണം. അതേസമയം, ആക്രമണം ഭീകരസംഘടനകളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ളതാണെന്നും 26 തീവ്രവാദികളെ വധിച്ചുവെന്നുമാണ് പാകിസ്താന്റെ വിശദീകരണം. പരിശീലന കേന്ദ്രങ്ങളും ആയുധശേഖരങ്ങളും നശിപ്പിച്ചതായും പാകിസ്താൻ അധികൃതർ അവകാശപ്പെട്ടു. സമീപകാലത്ത് പാകിസ്താനിലെ സുരക്ഷാസേനയ്‌ക്കെതിരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. അഫ്ഗാൻ അതിർത്തിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾ ആക്രമണങ്ങൾക്ക് പിന്നിലാണെന്ന് പാകിസ്താൻ ആരോപിക്കുന്നു.
എന്നാൽ ഇത്തരം സംഘങ്ങൾക്ക് അഭയം നൽകുന്നുവെന്ന ആരോപണം താലിബാൻ ഭരണകൂടം നിഷേധിച്ചു. ആക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിച്ചു. സാധാരണ ജനവാസ മേഖലകളെയാണ് ലക്ഷ്യമിട്ടതെന്നും ഇത് മാനുഷികതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്നും താലിബാൻ ഭരണകൂടം ആരോപിച്ചു.
സംഭവത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഈ വർഷം ഫെബ്രുവരി മുതൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തി മേഖലയിൽ സംഘർഷം തുടരുകയാണ്. പാകിസ്താൻ താലിബാൻ (TTP) പ്രവർത്തകർക്ക് അഫ്ഗാനിസ്ഥാനിൽ അഭയം ലഭിക്കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് ബന്ധം വഷളാകാൻ പ്രധാന കാരണം.

