ലണ്ടൻ: സ്വന്തം പാർട്ടിക്കുള്ളിൽ നിന്നോ പുറത്തുനിന്നോ നേതൃത്വത്തിനെതിരെ വെല്ലുവിളിയുണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. പാർട്ടിയിൽ ഒരു നേതൃമാറ്റ മത്സരം ഉണ്ടായാൽ താൻ തീർച്ചയായും അതിനെ നേരിടുമെന്നും മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാരണവശാലും പാർട്ടി തലപ്പത്തുനിന്ന് ഒഴിഞ്ഞുമാറില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പാർട്ടിക്കുള്ളിൽ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നേക്കാമെന്ന സൂചനകൾക്കിടയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന നിർണ്ണായക ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പ്രമുഖ നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ സ്ഥാനാർത്ഥി റോബ് കെനിയനെ പരാജയപ്പെടുത്തിയാണ് ആൻഡി ബേൺഹാം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആൻഡിയുടെ വിജയത്തെ അഭിനന്ദിച്ച സ്റ്റാർമർ, വിദ്വേഷ രാഷ്ട്രീയത്തിന്മേൽ ജനങ്ങൾ രേഖപ്പെടുത്തിയ പ്രതീക്ഷയുടെ വിജയമാണിതെന്ന് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഈ വിജയത്തിന് പിന്നാലെ പാർട്ടിയിൽ പുതിയ നേതൃത്വ മത്സരത്തിനുള്ള സാധ്യതകൾ രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

