മൂവാറ്റുപുഴ: റോഡിലെ അപകടകരമായ ഗർത്തങ്ങൾ നികത്താമെന്ന അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റി ഓഫീസിനുള്ളിൽ വേറിട്ട പ്രതിഷേധവുമായി പൊതുപ്രവർത്തകൻ. ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷണൽ ഓഫീസിനകത്ത് മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം നടത്തിയത്. ‘ഉദ്യോഗസ്ഥർ ഉറപ്പ് പാലിക്കുക’ എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും ഏന്തിയായിരുന്നു ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയത്തിനെതിരെയുള്ള ഇദ്ദേഹത്തിന്റെ പ്രതിഷേധം.
മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വലിയ മരണക്കെണികളാണ് രൂപപ്പെട്ടിരുന്നത്. അപകടാവസ്ഥ ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് ഈ മൺകൂനയിൽ കിടന്ന് ഷാജി പ്രതിഷേധിച്ചിരുന്നു. അന്ന് പോലീസിന്റെ സാന്നിധ്യത്തിൽ സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ (എ.ഇ), അടിയന്തരമായി കുഴികൾ മൂടി ടാർ ചെയ്ത് നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായിട്ടും നാളിതുവരെ റോഡ് നന്നാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ പ്രതിഷേധത്തിന് വഴിയൊരുങ്ങിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ഓഫീസിനുള്ളിൽ ആരംഭിച്ച മുട്ടുകുത്തി നിൽക്കൽ സമരം ഉച്ചകഴിഞ്ഞിട്ടും തുടരുകയായിരുന്നു. വിഷയത്തിൽ അനുകൂലമായ തീരുമാനമാകാത്തതിനെ തുടർന്ന് മുൻപ് രേഖാമൂലം ഉറപ്പ് നൽകിയ എ.ഇ. വിജിലിന്റെ ചേംബറിലേക്ക് കയറി ഷാജി ഉപരോധ സമരം ആരംഭിച്ചു. ഒടുവിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ഇടപെടുകയും, വരും ദിവസങ്ങളിൽ തന്നെ റോഡിലെ കുഴികൾ പൂർണ്ണമായി നികത്തി ടാർ ചെയ്ത് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധ സമരം അവസാനിപ്പിച്ചത്

