കൊല്ലം: ബോളിവുഡ് ചിത്രമായ ‘രാമായണ’ത്തിന്റെ വൻ വിജയത്തിന് പിന്നാലെ ദേശീയതലത്തിൽ വീണ്ടും ചർച്ചയായ കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്റർ (ജടായുപ്പാറ) സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ നൽകിയത്. പ്രധാനമന്ത്രിക്ക് മുന്നോടിയായി കേന്ദ്ര സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ജടായുപ്പാറ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജടായു എർത്ത് സെന്ററിന്റെ ശിൽപിയും സംവിധായകനുമായ രാജീവ് അഞ്ചലുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ‘ഡൽഹി ബിനാലെ’യിൽ ജടായു ശിൽപത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും സന്ദർശന തീയതികൾ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

