കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷ മമത ബാനർജി. ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്ന് രാഷ്ട്രീയമായി നേരിടണമെന്നും ഒളിഞ്ഞിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കരുതെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ബിജെപിയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി.
പാർട്ടിയിലെ പ്രതിസന്ധിക്കിടെയാണ് മമത പശ്ചിമ ബംഗാൾ ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്തത്. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനത്തിനെതിരെ കർശന നടപടി തുടരുമെന്നും പ്രവർത്തകരോട് ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

