വയോങ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംയുക്ത തിരുനാൾ നവംബർ 6 മുതൽ 8 വരെ ആഘോഷിക്കും

വയോങ്: വയോങ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാദരം ആഘോഷിക്കുന്നു. വാർണർവെയിലിലെ സെന്റ് മേരീസ് ഓഫ് ദി ക്രോസ് മക്കില്ലോപ് കാത്തലിക് ദേവാലയത്തിൽ (St Mary of the Cross MacKillop Catholic Church, Warnervale) വെച്ച് നവംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് തിരുനാൾ കർമ്മങ്ങൾ നടക്കുന്നത്. തിരുനാളിന് മുന്നോടിയായി നവംബർ 1 മുതൽ 5 വരെ ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടക്കും.

പ്രധാന തിരുനാൾ ദിനമായ നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4:50-ന് തിരുനാൾ കൊടിയേറ്റ് നടക്കും. തുടർന്ന് വികാരി ഫാ. തോമസ് പേഴുംകാട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിലും വാർണർവെയിൽ അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റ് ഫാ. ജോഷി നടുപ്പുറ ജോസഫിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് രാത്രി 7 മണിക്ക് ഇടവക ദിനാഘോഷവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

രണ്ടാം ദിനമായ നവംബർ 7 ശനിയാഴ്ച രാവിലെ 9:30-ന് വൂളൻഗോങ്–കാംബെൽടൗൺ സീറോ മലബാർ മിഷൻ ചാപ്ലിൻ ഫാ. ജോബി തരണിയിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് സോമേഴ്സ്ബി ഡിവൈൻ റിട്രീറ്റ് സെന്ററിലെ ഫാ. ജൂബി മുത്തുപുരയിടത്തിൽ വി.സി. വചനസന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവ അരങ്ങേറും.

സമാപന ദിനമായ നവംബർ 8 ഞായറാഴ്ച വൈകിട്ട് 6:30-ന് മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും. വികാരി ഫാ. തോമസ് പേഴുംകാട്ടിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും അർപ്പിച്ച ശേഷം തിരുനാൾ കൊടിയിറക്കവും സ്നേഹവിരുന്നും നടക്കും. തിരുനാൾ ദിവസങ്ങളിൽ കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുവാൻ താല്പര്യമുള്ളവർ വികാരി അച്ചനെയോ കൈക്കാരന്മാരെയോ അറിയിക്കണമെന്ന് കൈക്കാരന്മാരായ ആന്റണി അരയേത്തൽ, ജസ്റ്റിൻ മാമ്പുഴ എന്നിവർ അറിയിച്ചു. തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ മുഴുവൻ വിശ്വാസികളെയും പള്ളി കമ്മിറ്റി സ്വാഗതം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *