തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാറിനെ നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെയും വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അനിൽകുമാർ. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ.എസ്.കെ. ഉമേഷിനെയും നിയമിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായ ഉമേഷ് മുൻപ് എറണാകുളം ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായി എം.എസ്. ഇർഷാദിനെ നിയമിച്ചു. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനറുമാണ് ഇർഷാദ്.
വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായ പി.സി. സാബുവിനെയും നിയമിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിസാറിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവായി മുൻ ഡി.ജി.പി എ. ഹേമചന്ദ്രനെയും നിയമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

