കല ഓസ്‌ട്രേലിയയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതിക്ക് തുടക്കം; നിർധന കുടുംബത്തിന് പുതിയ വീടൊരുങ്ങുന്നു

മെൽബൺ: കല (കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ) ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘സാന്ത്വനം’ ഭവനനിർമ്മാണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മെൽബണിൽ നടന്നു. റാംലേ കമ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കല പ്രസിഡന്റ് ജോസ് എം. ജോർജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ കരിമണ്ണൂരിലുള്ള നിർധനരായ ഒരു കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകുന്നതാണ് ഈ പദ്ധതി.

വിക്ടോറിയ മലയാളി അസോസിയേഷൻ (MAV) പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, റവ. ഫാ. ജോബി ജോണിന് ഭവനനിർമ്മാണ പദ്ധതിയുടെ രേഖകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കലയുടെ രക്ഷാധികാരി ജോർജ് തോമസ്, വൈസ് പ്രസിഡന്റ് ജോജി ജോൺ, ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു.

പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് മദനൻ ചെല്ലപ്പൻ, റവ. ഫാ. ജോബി ജോൺ, ഗിരീഷ് പിള്ള (JP), ലാലുച്ചായൻ, ഷൈജുമോൻ കുന്നുമ്മേൽ (പുലരി), ഉദയൻ വേലായുധൻ (കേസ്സി മലയാളി), നിഭാഷ് ശ്രീധരൻ (നവോദയ), ബേസിൽ ജോസഫ് (ക്ലൈയ്ഡ് മലയാളി), ഷെവ. സജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കലയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വരും നാളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഭാരവാഹികൾ ചടങ്ങിൽ അവതരിപ്പിച്ചു. കലയുടെ ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപ്പള്ളി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *