മെൽബൺ: പ്രവാസി മലയാളികൾ ഏറെ കാത്തിരിക്കുന്ന സാംസ്കാരിക മാമാങ്കമായ ‘വിപഞ്ചിക ദശകം 2026’ (VIPANCHIKA’S DASHAKAM 2026) അവതരിപ്പിക്കുന്നതിനായുള്ള പ്രമുഖ കലാകാരന്മാർ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിഭകളെ സംഘാടകർ ഊഷ്മളമായി വരവേറ്റു. കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും ഒരേ വേദിയിൽ ഒത്തുചേരുന്ന ഈ വലിയ സാംസ്കാരിക യാത്ര ജൂലൈ 11-നാണ് മെൽബണിൽ അരങ്ങേറുന്നത്.
വെറുമൊരു വിനോദപരിപാടി എന്നതിലുപരി, മലയാളി മനസ്സുകളിൽ എന്നെന്നേക്കുമായി ഇടംനേടുന്നതും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ ഒരു അപൂർവ്വ അനുഭവമായിരിക്കും ഇത്തവണത്തെ വിപഞ്ചികയെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ആത്മീയതയുടെ അത്ഭുത ദൃശ്യാവിഷ്കാരമായ ‘മുത്തപ്പൻ വെള്ളാട്ടം’, കുടുംബസമേതം ആസ്വദിക്കാവുന്ന മികച്ച ഹാസ്യവിരുന്നായ ‘കപികുലം’, പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്ന ശക്തമായ നാടകാവിഷ്കാരം ‘പുലിജന്മം’ എന്നിവയാണ് ഈ കലാസന്ധ്യയിലെ പ്രധാന ആകർഷണങ്ങൾ.
പരിപാടിയുടെ വിവരങ്ങൾ:
തീയതി: 2026 ജൂലൈ 11 (ശനിയാഴ്ച)
വേദി: ബോക്സ് ഹിൽ ടൗൺ ഹാൾ (Box Hill Town Hall)
സമയം: വൈകുന്നേരം 4:30 PM മുതൽ പ്രവേശനം ആരംഭിക്കും. പരിപാടികൾ കൃത്യം 5:00 PM-ന് ആരംഭിക്കും.
ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് സ്വന്തം നാടിന്റെ നിറങ്ങളും ഓർമ്മകളും ഒരുമിച്ച് ആഘോഷിക്കാനുള്ള ഈ സാംസ്കാരിക വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

