കൊച്ചി: കളമശ്ശേരിയിൽ മുൻ അധ്യാപികയായ യുവതിയെ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ഒന്നാം പ്രതിയായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, മൂന്നാം പ്രതിയായ തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിനുശേഷം ഒളിവിൽ പോവുകയും വയനാട് പുൽപ്പള്ളിയിലെ ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്ത രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, നാലാം പ്രതി തൃശൂർ സ്വദേശി സഞ്ജു എന്ന ജിതിൻ എന്നിവരെ കൊച്ചിയിലെത്തിച്ച് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
കേസിൽ ഓരോ നിമിഷവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അറസ്റ്റിലായ ശരണ്യയാണ് യുവതിയെ ശാരീരികമായി ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ശരണ്യ അതിക്രൂരമായി ഉപദ്രവിക്കുമ്പോൾ മറ്റ് പ്രതികൾ മുറിക്ക് പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്നാണ് സൂചന. കൊച്ചിയിലെ സ്പാകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന വൻ സെക്സ് റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്ന സംശയം പോലീസ് ശക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് തങ്ങളുടെ വരുതിയിലാക്കാനും ആവശ്യക്കാർക്ക് വഴങ്ങാൻ നിർബന്ധിതയാക്കാനുമായിരുന്നു പ്രതികളുടെ നീക്കം.
പത്തടിപ്പാലത്തെ സ്പായിൽ മാനേജർ ഒഴിവുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് യുവതി അഭിമുഖത്തിനായി എത്തിയത്. തുടർന്ന് ഒക്ടോബർ രണ്ടിന് ജോലി ലഭിച്ചെന്നും ഇതിന്റെ ആഘോഷം ഉണ്ടെന്നും അറിയിച്ച് പ്രതികൾ യുവതിയെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറായ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ നീക്കം. സ്പായിൽ മറ്റൊരു സ്ത്രീയായ ശരണ്യ ഉണ്ടെന്ന ധൈര്യത്തിലാണ് യുവതി എത്തിയത്. എന്നാൽ ഐസ്ക്രീമിലും പാനീയങ്ങളിലും വീര്യമേറിയ ലഹരിമരുന്ന് കലർത്തി നൽകി യുവതിയെ ഒരു ദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിനിടെ യുവതി രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് അപരിചിതരായ രണ്ടുപേർ കൂടി മുറിയിലേക്ക് എത്തിയിരുന്നു. ഇവർ കൂടി ഉപദ്രവിക്കുമോ എന്ന് ഭയന്ന യുവതി, മുറിയിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് സ്വന്തം കഴുത്തിൽ ചേർത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതികളിൽനിന്ന് രക്ഷപ്പെട്ടോടിയത്. സ്ഥലത്തെത്തിയ ഈ രണ്ടുപേരെക്കുറിച്ച് പോലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അതിജീവിതയുടെ ഭർത്താവും ആരോപിച്ചു.
നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അതിജീവിതയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് എ.സി.പിയുടെ നേതൃത്വത്തിൽ വിശദമായ മൊഴിയെടുക്കുകയും പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്യും. ഒന്നാം പ്രതി ശ്രീരാജ് മുൻപും സ്പാകളുടെ മറവിൽ ഇത്തരത്തിൽ ചൂഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്.

