ബംഗളൂരുവിൽ 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾക്കെതിരെ കേസ്; മുൻ അക്കൗണ്ട്സ് മാനേജർ അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

ബംഗളൂരു: ഹൊസ്‌കോട്ടെയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫർണിച്ചർ, ഇന്റീരിയർ കമ്പനിയായ ‘കലത്മക് സ്പേഷ്യൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ’ നിന്ന് 44,21,382 രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. കമ്പനിയിലെ മുൻ അക്കൗണ്ട്സ് മാനേജരും ചേർപ്പുളശ്ശേരി സ്വദേശിനിയുമായ അജിത കെ. (43) അറസ്റ്റിലായി. ഇവരുടെ ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ ബിജി പി. നായർ (47) ഒളിവിലാണ്. രാമമൂർത്തി നഗറിലാണ് ഇവർ താമസിച്ചിരുന്നത്. കമ്പനി ഡയറക്ടർ രാജേഷ് ശർമ്മ നൽകിയ പരാതിയിലാണ് ഹൊസ്‌കോട്ടെ പോലീസിന്റെ നടപടി.

2025 മേയ് 2 മുതൽ 2026 ജൂലൈ 11 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയുടെ ദൈനംദിന അക്കൗണ്ടുകൾ, സപ്ലയർമാർക്കുള്ള പേയ്‌മെന്റുകൾ, ജീവനക്കാരുടെ ശമ്പളം എന്നിവ കൈകാര്യം ചെയ്തിരുന്നത് അജിതയായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് പോർട്ടൽ വഴിയുള്ള ബൾക്ക് ട്രാൻസ്ഫർ സംവിധാനമുപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. യഥാർത്ഥ സപ്ലയർമാർക്കും ജീവനക്കാർക്കും പണം നൽകുന്നതിന് പകരം പേയ്‌മെന്റ് ലിസ്റ്റുകളിൽ കൃത്രിമം കാണിച്ച് സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവ്, ബന്ധുക്കൾ, പരിചയക്കാർ എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റുകയായിരുന്നു. ബൾക്ക് ട്രാൻസ്ഫർ ആയതിനാൽ ബാങ്ക് അധികൃതർക്കും പ്രാഥമികഘട്ടത്തിൽ തട്ടിപ്പ് കണ്ടെത്താനായില്ല.

സ്വഭാവദൂഷ്യത്തെ തുടർന്ന് ഇവരെ ജോലിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയിലുള്ള പ്രതികളുടെ എട്ടോളം അക്കൗണ്ടുകളിലേക്ക് 80 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഇതിൽ 44,21,382 രൂപയാണ് കമ്പനിക്ക് നേരിട്ട് നഷ്ടമായത്. തട്ടിയെടുത്ത പണം സ്വർണ്ണമാക്കി മാറ്റുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തതായാണ് വിവരം.

മുമ്പ് ജോലി ചെയ്തിരുന്ന മറ്റൊരു സ്ഥാപനത്തിലും അജിത സമാനമായ രീതിയിൽ രണ്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. അന്ന് സിവിൽ, ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് കടന്ന ഇവർ പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് തിരിച്ചെത്തിയത്. അതിനുശേഷമാണ് പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് വീണ്ടും തട്ടിപ്പ് നടത്തിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി കർണാടക പോലീസ് അജിതയുടെ ചേർപ്പുളശ്ശേരിയിലെ വീട്ടിലെത്തിയെങ്കിലും കുട്ടികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ബിജിയുടെ പത്തനംതിട്ടയിലെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ബിജി തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിലും പണം വീണ്ടെടുക്കാനുള്ള നടപടികളും പോലീസ് ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *