തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർത്ഥിയായി ബി.ബി. ഗോപകുമാർ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറി ഷാജി സി. ബേബി മുൻപാകെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബിജെപി നിയമസഭാംഗങ്ങളായ മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവർക്കൊപ്പമെത്തിയാണ് ബി.ബി. ഗോപകുമാർ പത്രിക കൈമാറിയത്. പുതിയ സഭ നിലവിൽ വന്ന ശേഷമുള്ള നിർണ്ണായകമായ സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സഭയ്ക്കുള്ളിലെ മത്സര ചിത്രം വ്യക്തമായിരിക്കുകയാണ്.
പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബിജെപി നേതാക്കൾ, ജനാധിപത്യ മര്യാദകൾ ഉയർത്തിപ്പിടിച്ചാണ് മത്സര രംഗത്തിറങ്ങുന്നതെന്ന് വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന പത്രികാ സമർപ്പണത്തോടെ വരും ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് ആവേശം ഏറിയിട്ടുണ്ട്. വോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ നിയമസഭാ മന്ദിരത്തിൽ വെച്ച് നടക്കും.

