തിരുവനന്തപുരം: ഓസ്ട്രേലിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയ, കേരളപ്പിറവിയുടെ എഴുപതാം വാർഷികം ‘കേരളീയം 2026’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 നവംബർ ഒന്നിന് മെൽബണിൽ നടക്കുന്ന ആഘോഷപരിപാടിയുടെ ലോഗോയും ഔദ്യോഗിക വെബ്സൈറ്റും ബഹുമാനപ്പെട്ട കേരള സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, കളരിപ്പയറ്റ്, ജനപ്രിയ ഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന ‘പ്രോജക്ട് മലബാറിക്കസ്’ സംഗീതവിരുന്ന് തുടങ്ങി വൈവിധ്യവും പുതുമയും നിറഞ്ഞ ഒട്ടേറെ പരിപാടികളാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
കേരളത്തിന്റെ സമ്പന്നമായ കലാ–സാംസ്കാരിക പൈതൃകം ഓസ്ട്രേലിയൻ സമൂഹത്തിനു പരിചയപ്പെടുത്തുന്നതിനൊപ്പം, പ്രവാസി മലയാളികളുടെ പുതുതലമുറയിലേക്ക് നാടിന്റെ സാംസ്കാരികത്തനിമ പകർന്നുനൽകുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
‘കേരളീയം 2026’ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറട്ടെയെന്ന് മന്ത്രി ആശംസിച്ചു. ചടങ്ങിൽ സമത ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ശൈലജ വർമ്മ, ജിജിൻ എന്നിവർ പങ്കെടുത്തു.

