ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് സമ്മാനിച്ച ബഹുമതിയെ വിമർശിച്ച പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ഖ്വാജ ആസിഫ് “മാനസികമായി അസ്ഥിരനാണ്” എന്നായിരുന്നു ഇന്ത്യൻ സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
സീഷെൽസ് സമ്മാനിച്ച ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ ബഹുമതിയുടെ ആധികാരികത ചോദ്യം ചെയ്ത ആസിഫ്, പുരസ്‌കാരവുമായി ബന്ധപ്പെട്ട രേഖകൾ കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതികരണം.
“ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ ഇത്തരമൊരു ചുമതല ഏൽപ്പിച്ചിരിക്കുന്നത് ഇന്നത്തെ പാകിസ്ഥാന്റെ അവസ്ഥ വ്യക്തമാക്കുന്നതാണ്. അറിവില്ലാത്ത വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തി സമയം കളയുകയാണ് അദ്ദേഹം ചെയ്യുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാളുടെ അസൂയാപരമായ പ്രതികരണമാണിത്,” എന്നാണ് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

