തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനത്തിലൂടെ മാത്രമേ നാടിനെ സ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്കാരത്തിലേക്കും നയിക്കാൻ സാധിക്കൂ എന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പ്രസ്താവിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, പോത്തൻകോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടായിക്കോണം കൂനയിൽ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ‘പാടം പൂക്കും കാലം’ തരിശ് നെൽകൃഷി വിതയുത്സവവും ബ്ലോക്ക്തല കിസാൻ മേളയും കിസാൻ ഗോഷ്ടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം പരമ്പരാഗത കാർഷിക വൃത്തിയിൽ മാത്രം ഒതുങ്ങാതെ ആധുനിക സാങ്കേതികവിദ്യകൾ ക്രമീകരിച്ചുകൊണ്ടുള്ള പുതിയൊരു കാർഷിക സംസ്കാരത്തിലേക്ക് നാം കടക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പരിശോധിച്ച 1258 ഭക്ഷ്യവിളകളിൽ 52 എണ്ണത്തിൽ അമിതമായ അളവിൽ കീടനാശിനിയുടെയും വിഷാംശത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ ഗുരുതര സാഹചര്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ‘വനിതാ കൃഷി സഖി’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ തരിശുനിലങ്ങൾ മുഴുവൻ മാപ്പ് ചെയ്യും. തുടർന്ന് ഇറിഗേഷൻ സൗകര്യങ്ങൾ സജ്ജമാക്കി അവിടെ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൃഷി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വലിയ കാർഷിക മുന്നേറ്റത്തിൽ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
ചടങ്ങിൽ ‘മണി സാക്ഷരത’ കൈവരിച്ച തോന്നയ്ക്കൽ ലക്ഷ്മി വിലാസം ഹൈസ്കൂളിലെ അഗ്രി കേഡറ്റ് അംഗങ്ങളെയും ‘കൃഷിക്കൂട്ട’ത്തിലെ മുതിർന്ന അംഗങ്ങളെയും മന്ത്രി ആദരിച്ചു. മേളയുടെ ഭാഗമായി കാർഷിക ഉത്പ്പന്നങ്ങളുടെ വിപുലമായ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു. വി. മുരളീധരൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു

