മദ്യലഹരിയിൽ അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; ഒഴിവായത് വൻ ദുരന്തം

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പൊലീസിന്റെ പിടിയിലായി. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് രാവിലെ പുറപ്പെട്ട ബസിലെ ഡ്രൈവർ വിനീഷ് കുമാറാണ് വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 45 യാത്രക്കാരാണ് തലനാരിഴയ്ക്ക് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

യാത്ര തുടങ്ങിയത് മുതൽ തന്നെ ഡ്രൈവർ വാഹനം അലക്ഷ്യമായും നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിലുമാണ് ഓടിച്ചിരുന്നത്. ചോറ്റുപാറ, നെല്ലിമല ഭാഗങ്ങളിൽ വെച്ച് എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കുന്ന തരത്തിൽ നിയന്ത്രണം തെറ്റിയാണ് ബസ് കടന്നുപോയത്. വാഹനം അപകടകരമായ രീതിയിൽ നീങ്ങുന്നത് കണ്ട് യാത്രക്കാർ വിവരം തിരക്കിയെങ്കിലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന മറുപടിയാണ് ഡ്രൈവർ നൽകിയത്.

തുടർന്ന് വണ്ടിപ്പെരിയാർ എത്തിയപ്പോഴും ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ മുൻവശത്തിരുന്ന യാത്രക്കാർ ശക്തമായി ഇടപെടുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി ബസ് വഴിയരികിൽ നിർത്തി. ഉടൻ തന്നെ യാത്രക്കാർ ബസിന്റെ താക്കോൽ ഊരി മാറ്റുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് കുമളി ഡിപ്പോയിൽ നിന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ചാണ് യാത്രക്കാരുമായി ബസ് കോട്ടയത്തേക്ക് യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *