ആവേശം വിതറി കമ്പത്ത് കാളവണ്ടി ഓട്ട മത്സരം; മാറ്റുരച്ചത് ഇരുന്നൂറിലേറെ ജോഡി മാടുകൾ

തേനി: ദ്രാവിഡ കായിക പെരുമയുടെ ഓർമ്മപ്പെടുത്തലുമായി തമിഴ്നാട്ടിലെ അതിർത്തി പട്ടണമായ കമ്പത്ത് ആവേശകരമായ കാളവണ്ടി ഓട്ട മത്സരം അരങ്ങേറി. കമ്പം നഗരത്തിലെ അരുൾമിഗു ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കാമ കുല ഒക്കലിഗ ഗൗഡർ സമുദായ സംഘത്തിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, തിരുച്ചി തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുനൂറിലേറെ ജോഡി മാടുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

കമ്പം-കമ്പംമെട്ട് സംസ്ഥാനപാതയിൽ എട്ട് കിലോമീറ്ററോളം ദൂരത്തിൽ നടന്ന മത്സരം കാണികൾക്ക് വിസ്മയ കാഴ്ചയായി. തട്ടാൻചിട്ട്, തേൻചിട്ട്, പൂഞ്ചിട്ട്, നടുമാട്, പെരിയമാട് തുടങ്ങി ഏഴ് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി സർവശക്തിയുമെടുത്ത് കുതിച്ച കാളകൾക്കൊപ്പം സാരഥികളും ആവേശത്തോടെ പങ്കാളികളായി.

ഗ്രാമീണ കായികപാരമ്പര്യത്തിന്റെ ആവേശം നേരിൽക്കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരത്തിലേറെ ആളുകളാണ് തടിച്ചുകൂടിയത്. മത്സരത്തിൽ വിജയികളായ കാളകൾക്കും അവയെ നയിച്ച സാരഥികൾക്കും സംഘാടകർ ക്യാഷ് പ്രൈസ് സമ്മാനിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *