ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന സമാർഡുങ് റോഡ് തുരങ്കത്തിന്റെ പ്രവേശനഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 12 തൊഴിലാളികൾ അകത്ത് കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിന്റെ പ്രവേശനമാർഗം മണ്ണും പാറകളും അടിഞ്ഞ് മൂടുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിനുള്ളിൽ വാതകചോർച്ച ഉണ്ടായതായും സംശയിക്കുന്നുണ്ട്. ഭൂഗർഭ പാറപ്പാളികളിലെ മാറ്റമാണ് വാതകസാന്നിധ്യത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാതകസാന്നിധ്യവും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
പോലീസ്, ദുരന്തനിവാരണ സേന, മറ്റ് രക്ഷാസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

