സൈലന്റ് വാലി മലനിരകളിൽ ഉരുൾപൊട്ടൽ; അരിയൂർ തോട്ടിലും വെള്ളിയാർപ്പുഴയിലും ജലനിരപ്പ് ഉയർന്നു

മണ്ണാർക്കാട്: സൈലന്റ് വാലി മലനിരകളുടെ ഭാഗമായ മൈലാംപാടം–പൊതുവപ്പാടം മേഖലയിലെ ഒറ്റകുംഭം മലയിൽ ഞായറാഴ്ച രാത്രി ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായി. മലനിരകളിൽ നിന്ന് വൻതോതിൽ കല്ലും മണ്ണും നൂറുമീറ്ററിലധികം ദൂരത്തേക്ക് താഴേക്ക് പതിച്ചതായാണ് വിവരം.

ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന അരിയൂർ തോട്ടിലും വെള്ളിയാർപ്പുഴയിലും ക്രമാതീതമായി ജലനിരപ്പുയർന്നു. ജനവാസ മേഖലയിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ, രണ്ട് മലകൾക്കപ്പുറത്താണ് സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലയിൽനിന്ന് അകലെയായതിനാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *