ന്യൂഡൽഹി: അധർമ്മത്തിനുമേൽ ധർമ്മം കൈവരിച്ച വിജയത്തിന്റെ സ്മരണപുതുക്കി രാജ്യമൊട്ടാകെ ദസറ ആഘോഷിച്ചു. ദേശീയ തലസ്ഥാനത്ത് നടന്ന വിവിധ ആഘോഷ പരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.
ഡൽഹിയിലെ ദ്വാരകയിൽ സംഘടിപ്പിച്ച ദസറ മഹോത്സവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. അധർമ്മത്തിനെതിരെയുള്ള ധർമ്മത്തിന്റെ ജയമാണ് ദസറ വിളംബരം ചെയ്യുന്നതെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വിജയദശമി ആശംസകൾ നേരുകയും ചെയ്തു.

കിഴക്കൻ ഡൽഹിയിലെ ഐ.പി. എക്സ്റ്റൻഷനിൽ നടന്ന ദസറ ആഘോഷങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വതമായ വിജയമാണ് വിജയദശമി ഓർമ്മിപ്പിക്കുന്നതെന്നും, സത്യത്തിന്റെയും ധർമ്മത്തിന്റെയും നിലനിൽക്കുന്ന കരുത്താണ് ഈ ആഘോഷത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

