വിയന്റിയൻ: മധ്യ ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. പത്ത് ദിവസമായി ഇവർ ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ അപകടത്തിൽപ്പെട്ട ഏഴംഗ സംഘത്തിലെ അഞ്ചുപേർ സുരക്ഷിതമായി തിരിച്ചെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ഒരാളെ രക്ഷപെടുത്തിയിരുന്നു. ഇനി അവശേഷിക്കുന്ന രണ്ടുപേരെ കണ്ടെത്താനുള്ള തെരച്ചിൽ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.മേയ് 20-നാണ് സ്വർണം കണ്ടെത്തുന്നതിനായി ഗ്രാമീണരായ ഏഴുപേരടങ്ങുന്ന സംഘം മലയോര മേഖലയിലുള്ള ഇടുങ്ങിയ ഗുഹയിൽ പ്രവേശിച്ചത്. എന്നാൽ, പ്രദേശത്ത് ഉണ്ടായ കനത്ത മഴയെത്തുടർന്ന് മിന്നൽപ്രളയം ഉണ്ടാവുകയും ഗുഹയുടെ പ്രവേശന കവാടം അടഞ്ഞുപോവുകയുമായിരുന്നു. ഇതോടെ പുറത്തിറങ്ങാൻ കഴിയാതെ സംഘം ഉള്ളിൽ കുടുങ്ങി.
അതിവേഗത്തിലുള്ളതും വിപുലവുമായ രക്ഷാപ്രവർത്തനമാണ് ഗുഹയിൽ നടക്കുന്നത്. ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് ഗുഹയിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞതിനു ശേഷമാണ് ഇപ്പോൾ നാലുപേരെ പുറത്തെത്തിക്കാൻ സാധിച്ചത്.ലാവോസ്, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർക്കൊപ്പം ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര ഡൈവിംഗ് വിദഗ്ധരും ഈ സങ്കീർണ്ണമായ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. ബാക്കിയുള്ള രണ്ടുപേരെയും എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ദൗത്യസംഘം.

