ഫ്രാൻസിൽ പ്രാദേശിക കർഫ്യൂ; സുരക്ഷ ശക്തമാക്കാൻ സൈന്യത്തെയും വിന്യസിക്കും

പാരിസ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കാൻ ഫ്രാൻസ്. അക്രമബാധിത മേഖലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതിനു പുറമേ, വരാനിരിക്കുന്ന പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ സൈനികരെയും വിന്യസിക്കും. ഒക്ടോബർ 17-ന് പാരിസ്, മാർസെയ്, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ അക്രമത്തിലും കൊള്ളയിലും കലാശിച്ചതിനു പിന്നാലെയാണ് സർക്കാർ നടപടി.

പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് പാർലമെന്റിൽ അറിയിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല സൈന്യത്തെ ഏൽപ്പിച്ച് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും ജൻഡാർമുകളെയും ക്രമസമാധാന പാലനത്തിനായി വിന്യസിക്കാനാണ് തീരുമാനം. ഭീകരവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ സെന്റിനെൽ’ (Operation Sentinelle) ഭാഗമായി പ്രവർത്തിക്കുന്ന സൈനികരെയാണ് ഇതിനായി ഉപയോഗിക്കുക.

പാരിസിലെ റിപ്പബ്ലിക് ചത്വരത്തിലും ലെസ് ഹാൾസ് വ്യാപാരമേഖലയിലും രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലിയോണിലും നിയന്ത്രണങ്ങൾ തുടരുകയാണ്. മാർസെയിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അക്രമം ആവർത്തിക്കാതിരിക്കാനും പൊതുമുതലും വ്യാപാരസ്ഥാപനങ്ങളും സംരക്ഷിക്കാനുമാണ് നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

ജീവിതച്ചെലവിലെ വർധനയും പൊതുസേവനങ്ങളുടെ നിലവാരത്തകർച്ചയുമാണ് പ്രതിഷേധങ്ങളുടെ പശ്ചാത്തലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമം നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായതായി പ്രധാനമന്ത്രി സമ്മതിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ കൈകാര്യം ചെയ്തതിലും പൊലീസിനെ വിന്യസിച്ചതിലും പിഴവുകളുണ്ടായെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ രാജ്യവ്യാപകമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *