സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ലിത്‌ഗോയിൽ മയക്കുമരുന്ന് വിതരണ ശൃംഖലകളെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ വൻ പരിശോധനയിൽ അഞ്ച് പേർ അറസ്റ്റിലായി. ‘സ്ട്രൈക്ക് ഫോഴ്‌സ് മെറാനി’യുടെ കീഴിൽ ബുധനാഴ്ച ലിത്‌ഗോയിലെ 11 കേന്ദ്രങ്ങളിലാണ് പോലീസ് ഒരേസമയം പരിശോധന നടത്തിയത്.
പരിശോധനയിൽ ഹെറോയിൻ, ജി.എച്ച്.ബി , കഞ്ചാവ്, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, ഫെന്റനൈൽ തുടങ്ങിയ മാരക മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്തു. ഇതിനുപുറമെ, ഒരു വീടിനുള്ളിൽ നിന്ന് മൊബൈൽ ഫോണിന്റെ രൂപത്തിൽ ഒളിപ്പിച്ച നിലയിലുള്ള പ്രവർത്തനക്ഷമമായ തോക്കും കണ്ടെത്തി.
അന്വേഷണത്തിനിടെ പോലീസ് പിന്തുടർന്ന 44-കാരനായ പ്രതി പോലീസ് വാഹനത്തിലേക്ക് തന്റെ വാഹനം ഇടിച്ചുകയറ്റിയ ശേഷമാണ് പിടിയിലായത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അറസ്റ്റിലായവരിൽ നാല് പേർക്ക് കോടതി ജാമ്യം നിഷേധിച്ചപ്പോൾ, അഞ്ചാമത്തെയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മയക്കുമരുന്ന് വിതരണം, ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

