പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹോർട്ടികൾച്ചർ, സാങ്കേതികവിദ്യ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ വംശജയായ അധ്യാപിക ഡോ. നേഹ ഉമറേതിയയ്ക്ക് 2026-ലെ ഡബ്ല്യു.എ പ്രീമിയേഴ്സ് സയൻസ് അവാർഡിൽ ‘പീപ്പിൾസ് ചോയ്സ് അവാർഡ്’ ലഭിച്ചു. നോർത്ത് മെട്രോപൊളിറ്റൻ ടേഫിലെ അഡ്വാൻസ്ഡ് സ്കിൽസ് ലെക്ചററായ ഡോ. ഉമറേതിയ, 4,036 വോട്ടുകൾ നേടിയാണ് 10,000 ഡോളർ സമ്മാനത്തുകയുള്ള ഈ പുരസ്കാരത്തിന് അർഹയായത്. ‘സ്റ്റെം എജ്യൂക്കേറ്റർ ഓഫ് ദ ഇയർ – ടെർഷ്യറി’ വിഭാഗത്തിലും അവർ ഫൈനലിസ്റ്റായിരുന്നു.
ഗുജറാത്ത് സ്വദേശിയായ ഡോ. ഉമറേതിയ, ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുൻപ് ജുനാഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഹോർട്ടികൾച്ചറിൽ പഠനം പൂർത്തിയാക്കിയത്. ഹോർട്ടികൾച്ചറിൽ പി.എച്ച്.ഡി നേടിയിട്ടുള്ള അവർക്ക് ശാസ്ത്ര വിദ്യാഭ്യാസം, കൃഷി, നൂതന സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള മേഖലകളിൽ 15 വർഷത്തോളം പ്രവൃത്തിപരിചയമുണ്ട്.
ക്ലൗഡ്-കണക്റ്റഡ് സെൻസറുകളും ലൈവ് ഡിജിറ്റൽ ട്വിൻ സംവിധാനവുമുള്ള ഓട്ടോമേറ്റഡ് ഹൈഡ്രോപോണിക് ഗ്രീൻഹൗസ് ആണ് ഇവരുടെ പ്രധാന സംരംഭങ്ങളിലൊന്ന്. ആധുനിക കൃഷിയിൽ ‘ഇൻഡസ്ട്രി 4.0’ സാങ്കേതികവിദ്യകളുടെ പ്രായോഗിക ഉപയോഗം മനസ്സിലാക്കുന്നതിനൊപ്പം കൃത്യതയാർന്ന ഹോർട്ടികൾച്ചറിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പരിശീലനം നൽകാനും ഈ സംവിധാനം സഹായിക്കുന്നു.
ഭക്ഷ്യസുരക്ഷ, ഗ്രീൻ സ്കിൽസ്, ജൈവസുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനായി വ്യവസായ മേഖല, സർക്കാർ, തദ്ദേശീയ സമൂഹങ്ങൾ എന്നിവരുമായി ചേർന്ന് ഇവർ പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന പഠിതാക്കളെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇവർ ‘ആക്സസിബിലിറ്റി ആൻഡ് ലേണിംഗ് സപ്പോർട്ട് ചാമ്പ്യൻ’ എന്ന നിലയിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രീമിയേഴ്സ് സയൻസ് അവാർഡിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി 12 വിജയികൾക്കാണ് ആകെ 1,40,000 ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

