കുടിയേറ്റ നയത്തിൽ വൻ അഴിച്ചുപണി നിർദ്ദേശിച്ച് പോളിൻ ഹാൻസൺ; മാതാപിതാക്കൾക്കുള്ള സ്ഥിരതാമസ വിസ നിർത്തലാക്കണമെന്ന് ആവശ്യം

കാൻബറ: ഓസ്‌ട്രേലിയയിലെ മാതാപിതാക്കൾക്കുള്ള സ്ഥിരതാമസ വിസ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും വാർഷിക മാനുഷിക കുടിയേറ്റം 90 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും ‘വൺ നേഷൻ’ പാർട്ടി നേതാവ് പോളിൻ ഹാൻസൺ നിർദ്ദേശിച്ചു. ഈ മാറ്റങ്ങളിലൂടെ അടുത്ത പത്ത് വർഷത്തിനുള്ളിൽ നികുതിദായകർക്ക് 141 ബില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം.

പുതിയ നിർദ്ദേശപ്രകാരം ഓസ്‌ട്രേലിയയുടെ വാർഷിക മാനുഷിക കുടിയേറ്റം 2,000 ആയി കുറയ്ക്കുകയും മാതാപിതാക്കൾക്കുള്ള സ്ഥിരതാമസ വിസകൾ റദ്ദാക്കുകയും ചെയ്യും. താൽക്കാലിക വിസ ക്രമീകരണങ്ങളിലൂടെ കുടുംബങ്ങൾക്ക് മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിലും, നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങളെ ആശ്രയിക്കാതെ അവരുടെ ജീവിതച്ചെലവുകളും ആരോഗ്യ സംരക്ഷണവും ഉൾപ്പെടെയുള്ളവ കുടുംബങ്ങൾ തന്നെ വഹിക്കേണ്ടി വരും.

ഭവനക്ഷാമം, ആരോഗ്യമേഖലയിലെ പ്രതിസന്ധി, ജീവിതച്ചെലവ് വർദ്ധനവ് എന്നിവയാൽ ബുദ്ധിമുട്ടുന്ന ഓസ്‌ട്രേലിയക്കാർക്ക് നിലവിലുള്ള കുടിയേറ്റ പദ്ധതികൾ അമിതമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് ഹാൻസൺ ആരോപിച്ചു. പണപ്പെരുപ്പത്തിന് അനുസൃതമായി ക്രമീകരിച്ച ട്രഷറി കണക്കുകൾ പ്രകാരം, നികുതികളും വിസ ഫീസുകളും കിഴിച്ചാൽ പോലും ഓരോ മാനുഷിക കുടിയേറ്റക്കാരനും ശരാശരി 5,23,000 ഡോളറും ഓരോ സ്ഥിരതാമസക്കാരായ മാതാപിതാക്കൾക്കും 5,15,000 ഡോളറും രാജ്യത്തിന് അധിക ബാധ്യത ഉണ്ടാക്കുന്നതായി വൺ നേഷൻ പാർട്ടി അവകാശപ്പെടുന്നു. പതിറ്റാണ്ടുകളോളം ഓസ്‌ട്രേലിയയിൽ നികുതി അടയ്ക്കാതെ വാർദ്ധക്യത്തിൽ രാജ്യത്തെത്തുന്ന മാതാപിതാക്കൾ ആരോഗ്യമേഖലയിലും പെൻഷൻ, വയോജന പരിപാലന മേഖലകളിലും വലിയ സമ്മർദ്ദം ചെലുത്തുന്നുവെന്നും അവർ വാദിച്ചു.

അഭയാർത്ഥി പുനരധിവാസ പരിധി പ്രതിവർഷം 2,000 ആക്കി കുറയ്ക്കുന്നത് ഒ.ഇ.സി.ഡി (OECD) രാജ്യങ്ങളുടെ ശരാശരിക്ക് അല്പം മുകളിൽ തന്നെയായിരിക്കുമെന്ന് പാർട്ടി വ്യക്തമാക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ മന്ത്രിയുടെ വിവേചനാധികാരം നിലനിർത്തിക്കൊണ്ട്, രാജ്യത്തിനകത്ത് നിന്നുള്ള അഭയാർത്ഥി അപേക്ഷകൾ നിരോധിക്കാനും പാർട്ടി ലക്ഷ്യമിടുന്നു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 7,50,000-ത്തിലധികം കുറയ്ക്കുക, വാർഷിക കുടിയേറ്റ പരിധി 1,30,000 ആയി നിജപ്പെടുത്തുക എന്നിവയാണ് വൺ നേഷൻ പാർട്ടിയുടെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ അഫ്ഗാനിസ്ഥാൻ, സിറിയ, സൊമാലിയ, യെമൻ തുടങ്ങി വിദേശകാര്യ വകുപ്പ് ‘യാത്ര ചെയ്യരുത്’ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധാരണ കുടിയേറ്റം നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്. “വൻതോതിലുള്ള കുടിയേറ്റത്തിന്റെ ചെലവുകളെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്ന ഓസ്‌ട്രേലിയക്കാരെ വംശീയവാദികൾ എന്ന് വിളിക്കുന്നതാണ് യഥാർത്ഥത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത്,” ഹാൻസൺ പ്രസ്താവനയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *